ട്രംപിൻ്റെ മാതൃകയിൽ യുകെയും; അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്ക് വിസ നിഷേധിക്കും

അനധികൃത കുടിയേറ്റം തടയാൻ കടുത്ത നടപടികളുമായി യുകെ. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കുടിയേറ്റക്കാരെ സ്വീകരിക്കാത്ത രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ നിഷേധിക്കും. അംഗോള, നമീബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയ്ക്കെതിരെ ആദ്യഘട്ടത്തിൽ നടപടിയുണ്ടാകും. അഭയാർഥി നിയമം പരിഷ്കരിച്ച് അഭയാർഥി പദവി 30 മാസമായി കുറയ്ക്കാനും യുകെ ഒരുങ്ങുന്നു.

ലണ്ടൻ: അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ മാതൃകയാക്കി കടുത്ത നടപടികളിലേക്ക് യുകെയും. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കുടിയേറ്റക്കാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്ക് വിസ നിഷേധിക്കാൻ യുകെ ഒരുങ്ങുന്നതായി ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് അറിയിച്ചു. യുകെയിൽനിന്ന് മടക്കി അയയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിൽ നിസ്സഹകരണം പുലർത്തുന്ന അംഗോള, നമീബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങൾക്കെതിരെയാകും ആദ്യഘട്ടത്തിൽ നടപടിയുണ്ടാകുകയെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു.

അംഗോള, നമീബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ഭരണകൂടങ്ങൾ യുകെയുമായി സഹകരിക്കാത്തതിനാൽ മൂന്ന് രാജ്യങ്ങളിലെയും പൗരന്മാർക്ക് വിസ നിഷേധിക്കാനാണ് തീരുമാനം. ഈ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരും ക്രിമിനലുകളും യുകെയിൽ ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.