T20 World Cup 2026

T20 World Cup 2026: ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ, ​അ​ഗാർക്കറിന് മുന്നിൽ മൂന്ന് ചോദ്യങ്ങൾ; ഈ താരങ്ങളെ കെെവിടുമോ?

Dec 19, 2025 - 15:45
 0  2
T20 World Cup 2026

ടി20 ലോകകപ്പ് 2026നുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം നാളെയുണ്ടായേക്കും. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര ഇന്ന് അവസാനിക്കുമ്പോൾ ഇനി ന്യൂസീലൻഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇതിന് പിന്നാലെ ടി20 ലോകകപ്പിന്റെ വരവാണ്. ഇത്തവണ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ ആതിഥേയരെന്ന നിലയിൽ ഇന്ത്യയാണ് ഫേവറേറ്റുകൾ.

നിലവിലെ ടി20 ലോകകപ്പ് ജേതാക്കളെന്ന നിലയിലും ഏഷ്യാ കപ്പ് ചാമ്പ്യന്മാരെന്ന നിലയിലും ഇന്ത്യക്ക് ഇത്തവണത്തെ ടി20 ലോകകപ്പ് നേടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പറയാം. ഇന്ത്യക്ക് നിലവിൽ ശക്തമായ ടീം കരുത്തുണ്ട്. എന്നാൽ ചില പ്രശ്നങ്ങളും വേട്ടയാടുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്ന തരത്തിലാവണം ടീം പ്രഖ്യാപനം. ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് മുമ്പ് പരിശീലകൻ ഗൗതം ഗംഭീറിനും മുഖ്യ സെലക്ടർ അജിത് അഗാർക്കറിനും മുന്നിലുള്ള പ്രധാന ചോദ്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഇന്ത്യ ശിവം ദുബെയേയും ഹാർദിക് പാണ്ഡ്യയേയും ഒരുമിച്ച് പ്ലേയിങ് 11‍ ൽ കളിപ്പിക്കാൻ തുടങ്ങിയതോടെ റിങ്കു സിങ്ങിന്റെ ടീമിലെ സ്ഥാനം തെറിച്ചിരിക്കുകയാണ്. റിങ്കു സിങ് നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷർമാരിലൊരാളാണ്. എന്നാൽ ഇപ്പോൾ ഗംഭീറിന്റെ പദ്ധതികളിൽ റിങ്കു സിങ്ങിന് സ്ഥാനം ലഭിക്കുന്നില്ല. ടി20 ലോകകപ്പിലും ഇതേ തീരുമാനം തുടരണമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

ഇന്ത്യ റിങ്കു സിങ്ങിനെ പുറത്തിരുത്തിയാൽ അത് തിരിച്ചടിയായി മാറാനുള്ള സാധ്യതകളും ഏറെയാണ്. എന്തായാലും റിങ്കു സിങ് സെലക്ടർമാരുടെ മുന്നിലെ പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്നാണ്. അഗാർക്കറും ഗംഭീറും എന്ത് തീരുമാനത്തിലേക്കെത്തുമെന്ന് കണ്ടറിയാം.

ഇന്ത്യൻ ടീമിൽ സ്പിന്നർമാർക്ക് നിർണ്ണായക റോളാണുള്ളത്. ഗൗതം ഗംഭീർ പരിശീലകനായ ശേഷം മൂന്ന് സ്പിന്നർമാരെ മിക്കപ്പോഴും പ്ലേയിങ് 11ൽ ഉൾപ്പെടുത്താറുണ്ട്. ടി20 ലോകകപ്പിന് വേദി ഏഷ്യയായതിനാൽ സ്പിന്നർമാർക്ക് ടീമിൽ നിർണ്ണായക റോളുണ്ടാവും. അക്ഷർ പട്ടേലും വരുൺ ചക്രവർത്തിയും കുൽദീപ് യാദവും ടീമിലുണ്ടാവുമെന്നുറപ്പാണ്. ഇവരോടൊപ്പം വാഷിങ്ടൺ സുന്ദർ വേണമോയെന്നതാണ് പ്രധാന ചോദ്യം. ഗംഭീർ സുന്ദറിനെ പിന്തുണക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാര്യങ്ങൾ എങ്ങനെയാവുമെന്നത് കണ്ടറിയണം.

ഇന്ത്യൻ ടി20 ടീമിലെ നിലവിലെ വിക്കറ്റ് കീപ്പർമാർ സഞ്ജു സാംസണും ജിതേഷ് ശർമയുമാണ്. സഞ്ജു സാംസൺ ബെഞ്ചിലിരിക്കുമ്പോൾ ഫിനിഷർ റോളിൽ ജിതേഷ് ശർമയാണ് ഇപ്പോൾ കളിക്കുന്നത്. രണ്ട് പേരും ടി20 ലോകകപ്പ് സീറ്റ് ഉറപ്പിക്കുമെന്ന് കരുതിയിരിക്കവെ ഇഷാൻ കിഷൻ കിടിലൻ പ്രകടനത്തോടെ അവസരം തേടുകയാണ്.

ഇടം കെെയൻ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാൻ ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ പ്രകടനത്തോടെയാണ് കെെയടി നേടിയത്. ഈ മികവ് പരിഗണിച്ച് ഇഷാനെ ടീമിലേക്ക് കൊണ്ടുവന്നാൽ സഞ്ജു സാംസണെ ഒഴിവാക്കേണ്ടി വരും. ഇത്തരമൊരു നീക്കം ടീം മാനേജ്മെന്റ് നടത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0