Karnataka New Year Liquor Use: 2026

കർണാടകയും ഒട്ടും പിന്നിലല്ല, കുടിച്ച് തീർത്തത് കോടികളുടെ മദ്യം; ഞെട്ടിച്ച് ബിയർ വിൽപ്പന

ബെംഗളൂരു: കേരളത്തിൽ മാത്രമല്ല ക്രിസ്മസ് - പുതുവത്സര മദ്യവിൽപ്പനയിൽ കർണാടകയും പിന്നിലല്ല. 2025 ഡിസംബർ 23 മുതൽ 31വരെ കർണാടകയിൽ മദ്യവിൽപ്പനയിൽ വൻ വർധനവ് രേഖപ്പെടുത്തിയതായി കർണാടക എക്സൈസ് വകുപ്പ്. 2026 പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടന്ന പാർട്ടികളും നീണ്ട അവധിക്കാലവും കാരണം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് ഈ കാലയളവിൽ സംസ്ഥാനത്തുണ്ടായത്.

ഈ വർഷത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി ഡിസംബർ അവസാന വാരത്തിൽ ഏകദേശം 1,669 കോടി രൂപയുടെ ഇന്ത്യൻ നിർമിത വിദേശ മദ്യവും (ഐഎംഎൽ) ബിയറും കർണാടകയിൽ വിറ്റു. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8.94 ശതമാനം വർധനവാണിത്. ഇതോടെ എക്സൈസ് വരുമാനം 10.19 ശതമാനം വർധിച്ചു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പുതുവത്സര ആഘോഷവേളയിൽ മദ്യത്തിന്റെയും ബിയറിന്റെയും വിൽപ്പനയിൽ വലിയ വർധനവ് രേഖപ്പെടുത്തി. ഡിസംബർ 29 മുതൽ 31 വരെയുള്ള മൂന്ന് ദിവസം മാത്രം 587.51 കോടി രൂപയുടെ വരുമാനം സർക്കാരിന് ഇതുവഴി ലഭിച്ചു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനമായ 420.77 കോടി രൂപയേക്കാൾ 166.74 കോടി രൂപ കൂടുതലാണ്.

പുതുവത്സര ആഘോഷവേളയിൽ കർണാടകയിൽ ഇന്ത്യൻ നിർമിത മദ്യത്തിന്റെ വിൽപ്പനയിൽ വലിയ മുന്നേറ്റമുണ്ടായി. ഡിസംബർ 29, 30, 31 തീയതികളിൽ സംസ്ഥാനത്ത് 9.84 ലക്ഷം ബോക്സ് ഇന്ത്യൻ നിർമിത മദ്യം വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ മൂന്ന് ദിവസങ്ങളിൽ 8.25 ലക്ഷം ബോക്സ് ഇന്ത്യൻ നിർമിത മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഇത് 1.59 ലക്ഷം ബോക്സിന്റെ വർധനവാണ് കാണിക്കുന്നത്.

ബിയർ വിൽപ്പനയിലും ശ്രദ്ധേയമായ വർധനവ് രേഖപ്പെടുത്തി. ഈ വർഷത്തെ പുതുവത്സര ആഘോഷങ്ങളുടെ മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്തൊട്ടാകെ 6.64 ലക്ഷം ബോക്സ് ബിയർ വിറ്റഴിച്ചു. 2024 ഡിസംബർ 29 മുതൽ 31 വരെയുള്ള കാലയളവിൽ ഇത് 5.03 ലക്ഷം ബോക്സ് ആയിരുന്നു. അതായത് ഈ വർഷം 1.61 ലക്ഷം ബോക്സ് ബിയർ അധികമായി വിറ്റഴിച്ചു.

വിൽപ്പനയിലെ ഈ വർധനവ് സംസ്ഥാന സർക്കാരിന്റെ വരുമാനത്തെ സഹായിച്ചു. ഇന്ത്യൻ നിർമിത വിദേശ മദ്യം, ബിയർ വിൽപ്പനയിലൂടെ എക്സൈസ് വകുപ്പ് 2025ലെ പുതുവത്സര കാലയളവിൽ 587.51 കോടി രൂപ സമ്പാദിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനം 420.77 കോടി രൂപയായിരുന്നു. അതായത് 2024നെ അപേക്ഷിച്ച് ഈ വർഷം സംസ്ഥാനത്തിന് 166.74 കോടി രൂപ അധിക വരുമാനം ലഭിച്ചു.

2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2024 ഡിസംബർ അവസാന വാരത്തിൽ ഐഎംഎൽ, ബിയർ വിൽപ്പനയിൽ വളർച്ച രേഖപ്പെടുത്തി. 2023 ഡിസംബറിലെ ബിയറിന്റെ വിൽപ്പന 7.43% കുത്തനെ ഇടിഞ്ഞു. ഐഎംഎൽ 2022നെ അപേക്ഷിച്ച് 5.92 ശതമാനം വളർച്ച രേഖപ്പെടുത്തി. ഡിസംബർ 23 നും ഡിസംബർ 31 നും ഇടയിൽ സംസ്ഥാനത്തുടനീളം 22.59 ലക്ഷം കാർട്ടൺ ബോക്സ് ഐഎംഎല്ലും 15 ലക്ഷം കാർട്ടൺ ബോക്സ് ബിയറും വിറ്റഴിച്ചു. ഈ കാലയളവിൽ മൊത്തം വിൽപ്പന അളവ് (ഐഎംഎല്ലും ബിയറും) ₹1,668.99 കോടി ആയിരുന്നെങ്കിൽ 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8.94% വർധനവുണ്ടായി.