ചെന്നൈ, താംബരം, എഗ്മോർ റെയിൽവേ സ്റ്റേഷനുകളിൽ വികസന വിപ്ലവം; 5 വർഷത്തിനുള്ളിൽ ട്രെയിൻ കപ്പാസിറ്റി ഇരട്ടിയാകും
ചെന്നൈ : രാജ്യത്തെ 48 റെയിൽവേ സ്റ്റേഷനുകൾ കൂടുതൽ ട്രെയിനുകളെ ഉൾക്കൊള്ളാൻ കഴിയുവിധം കപ്പാസിറ്റി ഇരട്ടിയാക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ് കേന്ദ്ര സർക്കാർ. ചെന്നൈ മെട്രോപൊളിറ്റൻ മേഖല ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്റ്റേഷനാണ്. ഇതിനകം തന്നെ പ്രവൃത്തികൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ട്രെയിനുകൾ കൈകാര്യം ചെയ്യുന്നതിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനും, ടെർമിനലുകൾ നവീകരിക്കുന്നതിനും, മൾട്ടിട്രാക്കിംഗ് , അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ സെക്ഷണൽ ശേഷി ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ദക്ഷിണ റെയിൽവേ ഈ സമഗ്ര പദ്ധതി ആരംഭിച്ചിരിക്കുന്നത്.ചെന്നൈയിലെ പ്രധാന സ്റ്റേഷനുകളായ ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ, ചെന്നൈ എഗ്മോർ, താംബരം , സബർബൻ ശൃംഖലയിലെ സ്റ്റേഷനുകൾ എന്നിവ പ്രതിദിനം ഏകദേശം 12.4 ലക്ഷം യാത്രക്കാർ ഉപയോഗിക്കുന്നുണ്ട്. സ്റ്റേഷൻ പുനർവികസനം, പുതിയ ടെർമിനലുകൾ സൃഷ്ടിക്കൽ, അധിക ലൈനുകൾ കമ്മീഷൻ ചെയ്യൽ, ആധുനിക റോളിംഗ് സ്റ്റോക്ക് ഉൾപ്പെടുത്തൽ തുടങ്ങിയ പ്രവൃത്തികളിലൂടെയാണ് പുനർവികസനം നടക്കുന്നത്. ചെന്നൈ മെട്രോയ്ക്കും സബർബനുകൾക്കുമെല്ലാം ഈ വികസനം വലിയ തോതിൽ ഊർജ്ജം പകരും.
ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷന്റെ പൈതൃക സ്വഭാവം നിലനിർത്തിക്കൊണ്ട് ലോകോത്തര പാസഞ്ചർ ഹബ്ബായി മാറ്റുന്നതിനാണ് ആലോചിക്കുന്നത്. വിമാനത്താവളത്തിന് സമാനമായ മാറ്റങ്ങൾ ഇവിടെ വരും. ആകത്തേക്ക് വരുന്ന യാത്രക്കാർക്കും പുറത്തേക്ക് പോകുന്ന യാത്രക്കാർക്കും വെവ്വേറെ വഴികളായിരിക്കും ഇവിടെ വരിക. കേന്ദ്രീകൃത എയർ കണ്ടീഷനിംഗ് ഉള്ള രണ്ട് പുതിയ ടെർമിനൽ കെട്ടിടങ്ങൾ സജ്ജീകരിക്കും. എല്ലാ പ്ലാറ്റ്‌ഫോമുകളിലേക്കും സുഗമമായ പ്രവേശനക്ഷമത ഉറപ്പാക്കുന്ന 44 ലിഫ്റ്റുകളും 31 എസ്കലേറ്ററുകളും പണിയും. 14,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു പുറപ്പെടൽ കോൺകോഴ്‌സ് നിർമ്മിക്കുന്നുണ്ട്. 400 കാറുകൾക്കും 200 ഇരുചക്ര വാഹനങ്ങൾക്കും സൗകര്യമുള്ള മൾട്ടി-ലെവൽ കാർ പാർക്കിംഗ് ഇവിടെ ഉയരും. ലോകോത്തര കാത്തിരിപ്പ് ഹാളുകൾ, എക്സിക്യൂട്ടീവ് ലോഞ്ചുകൾ, ഫുഡ് കോർട്ടുകൾ, ഷോപ്പിംഗ് ഏരിയകൾ തുടങ്ങിയവ സജ്ജീകരിക്കും.
താംബരം റെയിൽവേ സ്റ്റേഷനിലും വലിയ മാറ്റങ്ങൾ വരും. എല്ലാ പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന 9 ലിഫ്റ്റുകളും 10 എസ്കലേറ്ററുകളും നിർമ്മിക്കുന്നുണ്ട് ഇവിടെ. ആധുനികവൽക്കരിച്ച ബുക്കിംഗ് കൗണ്ടറുകളും കോൺകോഴ്‌സും നിർമിക്കും. സബർബൻ, ദീർഘദൂര സേവനങ്ങൾ തമ്മിലുള്ള മികച്ച സംയോജനം നടപ്പാക്കാൻ മികച്ചൊരു സ്റ്റേഷനായാണ് താംബരത്തെ കാണുന്നത്. വികസിതമായ പാർക്കിംഗ്, ഡ്രോപ്പ്-ഓഫ് സോണുകളും ഇവിടെ നിർമിക്കുന്നുണ്ട്. വെയിറ്റിംഗ് ലോഞ്ചുകളും റിട്ടയറിംഗ് റൂമുകളുമെല്ലാം ആധുനികീകരിക്കും.
നിലവിലുള്ള ചെന്നൈ ടെർമിനലുകളിലെ തിരക്ക് കുറയ്ക്കാൻ പെരമ്പൂരിൽ പുതിയ ടെർമിനൽ പണിയാൻ നിർദ്ദേശം വന്നിട്ടുണ്ട്. ഇത് ചെന്നൈ സെൻട്രലിലെയും എഗ്മോറിലെയും തിരക്ക് ഗണ്യമായി കുറയ്ക്കും. 2025 ഏപ്രിൽ 23-ന് റെയിൽവേ ബോർഡിന് ഇതിനാവശ്യമായ ഡിപിആർ സമർപ്പിച്ചിട്ടുണ്ട്. 342 കോടി ചെലവിൽ ഇത് നടപ്പാക്കും. 7 പ്ലാറ്റ്‌ഫോമുകളാണ് ഇവിടെ പണിയുക.
ഇതിനകം തന്നെ പുനർവികസന പദ്ധതികളുടെ ഭാഗമായി നിർമ്മിച്ച ചെന്നൈ ബീച്ച് - ചെന്നൈ എഗ്മോർ 4-ാം ലൈൻ (4.30 കിലോമീറ്റർ) കമ്മീഷൻ ചെയ്തിട്ടുണ്ട്. വേലച്ചേരിക്കും സെന്റ് തോമസ് മൗണ്ടിനും ഇടയിലുള്ള എംആർടിഎസ് രണ്ടാം ഘട്ട വിപുലീകരണം പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്. ന
നിരവധി പദ്ധതികൾ പുതുതായി അനുവദിച്ചിട്ടുണ്ട്. അവയിലൊന്നാണ് ചെന്നൈ സബർബൻ നെറ്റ്‌വർക്ക്. അട്ടിപ്പാട്ട് - ഗുമ്മിഡിപ്പുണ്ടി 3-ഉം 4-ഉം ലൈൻ അനുവദിച്ചിട്ടുണ്ട്. താംബരം - ചെങ്കൽപട്ട് നാലാം ലൈൻ വരാൻ പോകുന്നു. ഇത് 30.02 കിലോമീറ്ററാണ്. അമ്പത്തൂർ - വില്ലിവാക്കം 5, 6 ഇരട്ട സിംഗിൾ ലൈൻ - 6.4 കി.മീ, ഇരുഗൂർ - പോടന്നൂർ ഇരട്ടിപ്പിക്കൽ - 11 കി.മീ, ഗുമ്മിഡിപുണ്ടി - ഗുഡൂർ 3, 4 ലൈൻ - 89.96 കി.മീ., ആരക്കോണം - റെണിഗുണ്ട 3, 4 ലൈൻ - 76 കി., ആരക്കോണം - ചെങ്കൽപട്ട് ഇരട്ടിപ്പിക്കൽ - 68 കിമി, ഗുഡുവഞ്ചേരി – ശ്രീപെരുമ്പത്തൂർ – ഇരുങ്ങാട്ടുകോട്ടൈ പുതിയ ലൈൻ (ഘട്ടം-I) – 34 കി.മീ തുടങ്ങിയവയ്ക്ക് അനുമതി ലഭിച്ചു കഴിഞ്ഞു.
admin