യുഎഇ വാർത്തകൾ
യുഎഇയിൽ 2026 മുതൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം; പ്രവാസികൾ അറിയാതെ പോകരുത്
ദുബായ്: യുഎഇയിലെ മലയാളി പ്രവാസികളായ വീട്ടമ്മമാരും ചെറുകിട സംരംഭകരും ശ്രദ്ധിക്കേണ്ട വലിയ മാറ്റങ്ങൾ വരുന്നു. 2026 ജനുവരി 1 മുതൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പരിസ്ഥിതിക്ക് വരുത്തുന്ന ആഘാതം കുറയ്ക്കുന്നതിനായി കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് ഈ നിയമം നടപ്പിലാക്കുന്നത്.
പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനും വരുംതലമുറയ്ക്ക് വൃത്തിയുള്ള അന്തരീക്ഷം ഉറപ്പാക്കാനുമുള്ള യുഎഇ സർക്കാരിന്റെ ദീർഘകാല പദ്ധതിയുടെ ഭാഗം കൂടിയാണിത്. ഈ മാറ്റം പ്രവാസി കുടുംബങ്ങളെയും പ്രത്യേകിച്ച് വീട്ടിലിരുന്ന് ബിസിനസ് ചെയ്യുന്ന ഹോം ബേക്കേഴ്സിനെയും എങ്ങനെ ബാധിക്കുമെന്നും എങ്ങനെയൊക്കെ തയ്യാറെടുക്കണമെന്നും അറിയാം.
ഈ മാറ്റങ്ങൾ യുഎഇയിലെ ദൈനംദിന ശീലങ്ങളെ മാറ്റിമറിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കടകളിൽ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് സ്പൂണുകൾ, ഫോർക്കുകൾ, സ്ട്രോകൾ, പ്ലേറ്റുകൾ എന്നിവ മുതൽ പ്ലാസ്റ്റിക് മൂടികൾ വരെ ഈ നിരോധന പട്ടികയിലുണ്ട്. അതിനാൽ ഇനി മുതൽ പുറത്തുനിന്നുള്ള ഭക്ഷണപ്പൊതികളിലോ ആഘോഷങ്ങളിലോ പ്ലാസ്റ്റിക് വസ്തുക്കൾ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല.
ഒപ്പം ഗുണനിലവാരം കുറഞ്ഞ 50 മൈക്രോണിൽ താഴെയുള്ള പേപ്പർ ബാഗുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതിൽ കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുന്ന ബാഗുകൾ കരുതുന്നത് യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാവരും ശീലമാക്കണമെന്നും അധികൃതർ അറിയിച്ചു.
മലയാളികളിൽ വലിയൊരു വിഭാഗം സ്ത്രീകൾ ഇന്ന് ഹോം ബേക്കിംഗ് രംഗത്ത് സജീവമാണ്. കേക്കുകളും മധുരപലഹാരങ്ങളും പാക്ക് ചെയ്യാൻ പ്ലാസ്റ്റിക് കണ്ടെയ്നറുകളെയും കവറുകളെയും ആശ്രയിക്കുന്നവർക്ക് 2026 മുതൽ ചില വെല്ലുവിളികൾ നേരിടേണ്ടി വരും. അതേസമയം ഹോം ബേക്കേഴ്സിനെ സംബന്ധിച്ചിടത്തോളം ഈ നിയമം പാക്കേജിംഗിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ ആവശ്യപ്പെടുന്നു.
കേക്ക് ബോക്സുകളുടെ മുകളിലുള്ള പ്ലാസ്റ്റിക് വിൻഡോകൾ ഒഴിവാക്കി പൂർണ്ണമായും കാർഡ്ബോർഡ് കൊണ്ടുള്ള പാക്കേജിംഗിലേക്ക് മാറുന്നത് കൂടെ ശ്രദ്ധിക്കണം. ഭക്ഷണം വിളമ്പാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ട്രാേകൾക്ക് പകരം മുള അല്ലെങ്കിൽ മരം കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
മലയാളി വീടുകളിൽ ആഘോഷങ്ങളും ഒത്തുചേരലുകളും സാധാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ പ്ലാസ്റ്റിക് ഡിസ്പോസിബിൾ പാത്രങ്ങൾ ഉപയോഗിക്കുന്നത് നമ്മുടെ ശീലമാണ്. എന്നാൽ ഇനി മുതൽ ഈ രീതി മാറ്റേണ്ടി വരും. ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടികൾ നേരിടേണ്ടി വരും.
അതേസമയം ഇനി ഷോപ്പിംഗിന് പോകുമ്പോൾ കാറിൽ എപ്പോഴും തുണിസഞ്ചികളോ ഈടുള്ള വലിയ ബാഗുകളോ കരുതുന്നത് ശീലമാക്കണം. കൂടാതെ അടുക്കളയിൽ സാധനങ്ങൾ സൂക്ഷിക്കാൻ പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം ഗ്ലാസ് അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നത് വഴി വീട്ടിലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും സാധിക്കും. ഇത് പരിസ്ഥിതിക്ക് മാത്രമല്ല, നിങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണ്.
യുഎഇയിലെ സർക്കാർ ലക്ഷ്യമിടുന്നത് മാലിന്യങ്ങൾ കുറയ്ക്കുക മാത്രമല്ല, മറിച്ച് പുനരുപയോഗികുക എന്നത് കൂടിയാണ്. അതിനാൽ പ്രവാസി കൾ ഈ നിയമങ്ങൾ കൃത്യമായി തന്നെ പാലിക്കണം. അല്ലാത്തപക്ഷം ഇത് അധികൃതരുടെ ശ്രദ്ധയിൽപെട്ടാൽ കനത്ത പിഴകൾ ഉൾപ്പെടെയുള്ള നടപടികൾക്ക് കാരണമായേക്കാം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0