FIFA World Cup 2026
FIFA World Cup 2026: പ്രതീക്ഷയോടെ ബ്രസീല്‍; നെയ്മറുടെ ശസ്ത്രക്രിയ വിജയകരം, ലോകകപ്പില്‍ പന്തുതട്ടാനാവുമോ?
ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ രണ്ട് വര്‍ഷം മുമ്പാണ് മുന്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് അവസാനമായി കളിച്ചത്. 2023 ല്‍ ഉറുഗ്വേയ്ക്കെതിരെ ഇറങ്ങിയ ശേഷം ഇതുവരെ വിഖ്യാതമായ മഞ്ഞക്കുപ്പായമണിയാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇടത് കാല്‍മുട്ടിനേറ്റ വിട്ടുമാറാത്ത പരിക്ക് പലപ്പോഴായി താരത്തെ അലട്ടികൊണ്ടിരിക്കുന്നു.
നെയ്മറിന്റെ കാല്‍മുട്ടിന് വിജയകരമായി ശസ്ത്രക്രിയ നടത്തിയതായി കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ക്ലബ് സാന്റോസ് ആരാധകരെ അറിയിച്ചു. ബ്രസീസിലെ പ്രധാന ഫുട്‌ബോള്‍ ലീഗില്‍ നിന്ന് സാന്റോസ് തരംതാഴ്ത്തപ്പെടുന്നത് ഒഴിവാക്കാന്‍ നെയ്മര്‍ വേദന കടിച്ചമര്‍ത്തി ഏതാനും മല്‍സരങ്ങളില്‍ പങ്കെടുത്തിരുന്നു. സാന്റോസിനൊപ്പം 33-കാരന് ബുദ്ധിമുട്ടേറിയ ഒരു സീസണ്‍ ആയിരുന്നു.
സൗദി പ്രോ ലീഗില്‍ നിന്നാണ് നെയ്മര്‍ മാതൃരാജ്യത്തെ ക്ലബ്ബിലേക്ക് മാറിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിഹരിക്കുന്ന സൗദി പ്രോ ലീഗില്‍ വന്‍ തുക പ്രതിഫലത്തിന് അല്‍ ഹിലാലില്‍ ചേര്‍ന്ന നെയ്മറിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പരിക്ക് കാരണം വിരലിലെണ്ണാവുന്ന മല്‍സരങ്ങളില്‍ മാത്രമാണ് പന്ത് തട്ടിയത്. കയ്‌പേറിയ സീസണുകളിലൂടെ നെയ്മര്‍ കടന്നുപോയപ്പോള്‍ സൗദി ക്ലബ്ബിനും അത് വലിയ നഷ്ടമായി.
2023 ഓഗസ്റ്റില്‍ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍ നിന്ന് ഏകദേശം 90 മില്യണ്‍ യൂറോ (98 മില്യണ്‍ ഡോളര്‍) പ്രതിഫലത്തിനാണ് നെയ്മറിനെ അല്‍ ഹിലാല്‍ ഏറ്റെടുത്തത്. എന്നാല്‍ പരിക്കുകള്‍ കാരണം ഏഴ് മത്സരങ്ങള്‍ മാത്രമേ കളിക്കാന്‍ കഴിഞ്ഞുള്ളൂ. ഒരു ഗോള്‍ നേടുകയും മൂന്ന് തവണ അസിസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പരസ്പര ധാരണ പ്രകാരം അല്‍ ഹിലാല്‍ വിടുകയായിരുന്നു.ബ്രസീലിനായി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ്. 128 മത്സരങ്ങളില്‍ നിന്ന് 79 ഗോളുകള്‍ നേടി. 2026 ജൂണ്‍-ജൂലൈ മാസങ്ങളിലായി ഫിഫ ലോകകപ്പ് അരങ്ങേറുമ്പോള്‍ നെയ്മര്‍ ബ്രസീല്‍ ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി നെയ്മര്‍ പ്രഖ്യാപിച്ചു.
നെയ്മറിന് ഒരു മാസത്തെ വിശ്രമം ആവശ്യമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രസീല്‍ കോച്ച് കാര്‍ലോ ആന്‍സെലോട്ടിയുടെ പദ്ധതികളില്‍ നെയ്മര്‍ ഉണ്ടാവുമോയെന്ന് കാത്തിരുന്ന് കാണാം. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ബ്രസീലിന് വേണ്ടത്ര മികവ് പ്രകടിപ്പിക്കാനായിരുന്നില്ല.
ഈ വര്‍ഷം സാന്റോസുമായുള്ള നെയ്മറിന്റെ കരാര്‍ അവസാനിക്കും. കരാര്‍ പുതുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നു. അല്‍ ഹിലാല്‍, പിഎസ്ജി ക്ലബ്ബുകളില്‍ കളിക്കുന്നതിന് മുമ്പ് ബാഴ്സലോണയുടെ താരമായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0