ലോക വാർത്തകൾ

Dec 17, 2025 - 10:06
 0  2
ലോക വാർത്തകൾ

വീണ്ടും യാത്രാ വിലക്കുമായി ട്രംപ്; ഈ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് വിലക്ക്, ഇളവ് ആർക്കൊക്കെ?

വാഷിങ്ടൺ: സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും പലസ്തീൻ അതോറിറ്റിയുടെ പാസ്‌പോർട്ട് കൈവശമുള്ളവരെയും കൈവശമുള്ളവരെയും യുഎസിൽ പ്രവേശിക്കുന്നത് വിലക്ക്. ബുർക്കിന ഫാസോ, മാലി, നൈജർ, സിയറ ലിയോൺ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും തെക്കുകിഴക്കൻ ഏഷ്യയിലെ ലാവോസിൽ നിന്നുള്ളവർ‌ക്കുമാണ് സിറിയയെ കൂടാതെ പ്രവേശനവിലക്ക് പുതുതായി ഏർപ്പെടുത്തിയത്.

കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി മുപ്പതിൽ അധികം ജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പൂർണ യാത്രാ വിലക്കും ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനമുണ്ടായത്.

സിറിയയിൽ രണ്ട് യുഎസ് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ട്രംപിന്റെ നീക്കം. യാത്രാ വിലക്ക് വിപുലീകരിച്ചതായി ട്രംപ് ഭരണകൂടം അറിയിച്ചു. അഴിമതി, വ്യാജമോ വിശ്വസനീയമല്ലാത്തതോ ആയ യാത്രാ രേഖകൾ, ക്രിമിനൽ രേഖകൾ എന്നിവ കാരണം അവരുടെ പൗരന്മാരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് പരിശോധിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഭരണകൂടം വിശദീകരിച്ചു. ചില രാജ്യങ്ങളിൽ വിസ കാലാവധി കഴിഞ്ഞിട്ടും ആളുകൾ താമസിക്കുന്നവരുടെ എണ്ണം കൂടുതലാണ്. അമേരിക്ക നാടുകടത്താൻ ആഗ്രഹിക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുപോകാൻ വിസമ്മതിക്കുന്ന രാജ്യങ്ങളുണ്ടെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കി.

അഫ്ഗാനിസ്താൻ, ബർമ്മ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിട്രിയ, ഹൈതി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നിങ്ങനെ ആദ്യത്തെ 12 ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പൂർണ യാത്രാ വിലക്ക് തുടരും. സമീപകാല വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ, ബുർക്കിന ഫാസോ, മാലി, നൈജർ, ദക്ഷിണ സുഡാൻ, സിറിയ എന്നിങ്ങനെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്കും പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പലസ്തീൻ അതോറിറ്റി നൽകുന്ന യാത്രാ രേഖകൾ കൈവശമുള്ളവർക്കും വിലക്ക് ബാധകമാണ്.

നേരത്തെ ഭാഗിക നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന ലാവോസ്, സിയറ ലിയോൺ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ ഉത്തരവ് പ്രകാരം പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബുറുണ്ടി, ക്യൂബ, ടോഗോ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഭാഗിക നിയന്ത്രണങ്ങൾ തുടരും. തുർക്ക്മെനിസ്ഥാൻ അമേരിക്കയുമായി നല്ല രീതിയിൽ സഹകരിക്കുന്നതിനാൽ അവിടെ നിന്നുള്ള നോൺ - ഇമ്മിഗ്രന്റ് വിസകൾക്കുള്ള വിലക്ക് നീക്കം ചെയ്തിട്ടുണ്ട്.

15 അധിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഭാഗിക യാത്രാ നിയന്ത്രണങ്ങളും പ്രവേശന പരിമിതികളും ഏർപ്പെടുത്തിയിട്ടുണ്ട്. അംഗോള, ആൻ്റിഗ്വ ആൻഡ് ബാർബുഡ, ബെനിൻ, കോട്ട് ഡി'ഐവറി, ഡൊമിനിക്ക, ഗാബോൺ, ഗാംബിയ, മാലവി, മൗറിത്താനിയ, നൈജീരിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്‌വെ എന്നിവയാണ് ഈ രാജ്യങ്ങൾ.

സ്ഥിരം താമസക്കാർ, നിലവിൽ വിസയുള്ളവർ, അത്ലറ്റുകൾ, നയതന്ത്രജ്ഞർ തുടങ്ങിയ ചില വിസ വിഭാഗങ്ങളിൽപ്പെട്ടവർ, അമേരിക്കയുടെ ദേശീയ താൽപ്പര്യങ്ങൾക്ക് ഉപകാരപ്രദമാകുന്ന വ്യക്തികൾ എന്നിവർക്ക് പ്രഖ്യാപനത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഇമ്മിഗ്രന്റ് വിസകൾക്കുള്ള വിശാലമായ ഇളവുകൾ ചുരുക്കിയിട്ടുണ്ട്.

യാത്രാ വിലക്ക് നേരിടുന്ന രാജ്യങ്ങളുടെ പട്ടിക

ആദ്യത്തെ 12 രാജ്യങ്ങൾ: അഫ്ഗാനിസ്താൻ, ബർമ്മ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിട്രിയ, ഹൈതി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ.

പുതുതായി ചേർത്ത രാജ്യങ്ങൾ

ബുർക്കിന ഫാസോ, മാലി, നൈജർ, ദക്ഷിണ സുഡാൻ, സിറിയ. പലസ്തീൻ അതോറിറ്റി നൽകുന്ന യാത്രാ രേഖകൾ കൈവശമുള്ളവരും ഇതിൽ ഉൾപ്പെടുന്നു.

ഭാഗിക നിയന്ത്രണങ്ങളിൽ നിന്ന് പൂർണ വിലക്കിലേക്ക് മാറ്റിയ രാജ്യങ്ങൾ

ലാവോസ്, സിയറ ലിയോൺ.

നേരത്തെ പട്ടികയിലുണ്ടായിരുന്നവ

ബുറുണ്ടി, ക്യൂബ, ടോഗോ, വെനസ്വേല.

പുതുതായി ചേർത്ത 15 രാജ്യങ്ങൾ

അംഗോള, ആൻ്റിഗ്വ ആൻഡ് ബാർബുഡ, ബെനിൻ, കോട്ട് ഡി'ഐവറി, ഡൊമിനിക്ക, ഗാബോൺ, ഗാംബിയ, മാലവി, മൗറിത്താനിയ, നൈജീരിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്‌വെ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0