ശബരിമല വിശേഷം

ഏഴരലക്ഷം പേരെ അന്നമൂട്ടി സന്നിധാനത്തെ അന്നദാനമണ്ഡപം; രണ്ട് ദിവസംകൊണ്ട് സദ്യ വിളമ്പിയത് 9786 പേർക്ക്

Dec 25, 2025 - 08:49
 0  1
ശബരിമല വിശേഷം

സന്നിധാനം: ശബരിമല മണ്ഡലകാലത്ത് ഇതുവരെ ഏഴരലക്ഷത്തിലേറെപ്പേർക്കു സൗജന്യഭക്ഷണമൊരുക്കി സന്നിധാനത്തെ അന്നദാനമണ്ഡം. ചൊവ്വാഴ്ച (ഡിസംബർ 23) രാത്രി വരെയുള്ള കണക്കനുസരിച്ച് 7,45,000 പേർക്കാണ് ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ മൂന്നുനേരം സൗജന്യഭക്ഷണമൊരുക്കിയത്. ഇക്കുറി ഡിസംബർ 21 മുതൽ കേരളീയ സദ്യയും ഉൾപ്പെടുത്തി അന്നദാനത്തിന്റെ രുചിയേറ്റിയിട്ടുമുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിലാണു സദ്യ. ഡിസംബർ 21,23 തിയതികളിലെ ഉച്ചഭക്ഷണമായി 9786 പേർക്കാണ് സദ്യ വിളമ്പിയത്.

ശബരിമലയിൽ എത്തിയ ഭക്തരിൽനിന്ന് അന്നദാനത്തിന് ഇതുവരെ ലഭിച്ച സംഭാവന 1.97 കോടി രൂപയാണെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഒജി ബിജു പറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് ഇരുപതിനായിരത്തിലേറെപ്പേരാണ് അന്നദാനമണ്ഡപത്തിലെത്തിയത്. 2024 ഡിസംബർ 22 വരെയുള്ള കണക്കനുസരിച്ച് 7.07 ലക്ഷം ഭക്തർക്ക് അന്നദാനമൊരുക്കിയിരുന്നു. ഇക്കുറി ഡിസംബർ 22 വരെ 7.25 ലക്ഷം ഭക്തർക്ക് അന്നദാനമൊരുക്കി.

മാളികപ്പുറം ക്ഷേത്രത്തിനു സമീപം ആധുനികരീതിയിൽ പണികഴിപ്പിച്ചിട്ടുള്ള അന്നദാന മണ്ഡപത്തിൽ 800 പേർക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാം. രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 11.30 വരെ പ്രഭാതഭക്ഷണം, 12 മുതൽ 3.30 വരെ ഉച്ചഭക്ഷണം, വൈകിട്ട് 6.30 മുതൽ രാത്രി 11.30 വരെ അത്താഴം എന്നിങ്ങനെയാണ് ഭക്ഷണസമയം.

പ്രഭാതഭക്ഷണമായി ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ഉച്ചഭക്ഷണമായി പുലാവ്, പരിപ്പുകറി, അച്ചാർ അല്ലെങ്കിൽ കേരളീയ സദ്യ, രാത്രിഭക്ഷണമായി കഞ്ഞി, അസ്ത്രം, അച്ചാർ എന്നിവയുമാണ് നൽകുന്നത്. പരിപ്പ്, സാമ്പാർ, രസം/മോര്, അവിയൽ, തോരൻ, അച്ചാർ, പപ്പടം, പായസം എന്നിവയാണു സദ്യയിലെ വിഭവങ്ങൾ. മൂന്നുഷിഫ്റ്റുകളിലായി 245 പേരെയാണ് ഭക്ഷണമൊരുക്കൽ, വിളമ്പൽ, ശുചിയാക്കൽ ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്.ദിനംപ്രതി ശരാശരി 20000 പേർക്കു ഭക്ഷണം നൽകുന്നുണ്ട്. പ്രഭാതഭക്ഷണത്തിനും അത്താഴത്തിനുമാണ് കൂടുതൽ പേരെത്തുന്നത്. ഉച്ചഭക്ഷണത്തിന് ശരാശരി 5000 പേരുണ്ടാകും. ചൊവ്വാഴ്ച (ഡിസംബർ 23) പ്രഭാതഭക്ഷണത്തിന് 6434 പേരും, ഉച്ചഭക്ഷണത്തിന് 4965 പേരും, അത്താഴത്തിന് 7808 പേരും ആയി ആകെ 19207 പേർ ഉണ്ടായിരുന്നു.

നട തുറന്നതുമുതൽ എല്ലാദിവസവും ഇത്രയും പേർ എത്തുന്നുണ്ടെങ്കിലും സമ്പൂർണശുചിത്വം ഉറപ്പാക്കാൻ ദേവസ്വം ബോർഡും ജീവനക്കാരും നിഷ്‌കർഷത പുലർത്തുന്നുണ്ട്. ഓരോ നേരത്തെയും ഭക്ഷണത്തിന്റെ ഇടവേളകളിൽ ഊൺമേശ നീക്കിയശേഷം ഫ്ളോർ ക്ലീനർ യന്ത്രമുപയോഗിച്ചാണ് തറ വൃത്തിയാക്കുന്നത്. ഭക്ഷണം കഴിക്കുന്നവർ തന്നെ പാത്രം വൃത്തിയാക്കുന്നതിനു പുറമേ ഇലക്ട്രിക് ഡിഷ് വാഷർ ഉപയോഗിച്ചു പാത്രം കഴുകി വൃത്തി ഉറപ്പുവരുത്തും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0