പ്രവാസികൾക്ക് ഉൾപ്പെടെ ആശ്വാസം; യുഎഇയിൽ ഇനി സ്വകാര്യ ട്യൂഷൻ നിയമവിധേയം

പ്രവാസികൾക്ക് ഉൾപ്പെടെ ആശ്വാസം; യുഎഇയിൽ ഇനി സ്വകാര്യ ട്യൂഷൻ നിയമവിധേയം

പ്രവാസികൾക്ക് ഉൾപ്പെടെ ആശ്വാസം; യുഎഇയിൽ ഇനി സ്വകാര്യ ട്യൂഷൻ നിയമവിധേയം

യു എ ഇ : യുഎഇയിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നിയമപരമായി പാർട്ട് ടൈം സ്വകാര്യ ട്യൂഷൻ എടുക്കാനുള്ള വർക്ക് പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി. പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കൊപ്പം 15 മുതൽ 18 വയസ്സ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കും രണ്ടു വർഷത്തെ കാലാവധിയുള്ള ഈ പെർമിറ്റിനായി അപേക്ഷിക്കാം.

യുഎഇയിലെ സ്വദേശികൾക്കൊപ്പം വിദേശികളായ പ്രവാസികൾക്കും ഈ പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭിക്കും. മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സ്കൂൾ-യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ, സ്വകാര്യ മേഖലയിലെ ജീവനക്കാർ, സർക്കാർ-അർദ്ധ സർക്കാർ ജീവനക്കാർ, രജിസ്റ്റർ ചെയ്ത ട്യൂട്ടർമാർ എന്നീ നാല് വിഭാഗങ്ങൾക്കാണ് ഈ ഔദ്യോഗിക വർക്ക് പെർമിറ്റിന് അർഹതയുള്ളത്. 15-നും 18-നും ഇടയിൽ പ്രായമുള്ള സ്കൂൾ കുട്ടികൾക്ക് സാധുതയുള്ള റെസിഡൻസി പെർമിറ്റ്, രക്ഷിതാക്കളുടെ സമ്മതപത്രം, മറ്റ് അക്കാദമിക് രേഖകൾ എന്നിവ സഹിതം ഇതിനായി അപേക്ഷിക്കാം.

തൊഴിലെടുക്കുന്ന പ്രവാസികളായ അധ്യാപകർ, സർക്കാർ ജീവനക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർ എന്നിവർ അപേക്ഷിക്കുമ്പോൾ വിദ്യാഭ്യാസ യോഗ്യതകൾ, തിരിച്ചറിയൽ രേഖകൾ, മെഡിക്കൽ ഫിറ്റ്നസ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ നൽകണം. നിലവിൽ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ തങ്ങൾ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നോ മന്ത്രാലയത്തിൽ നിന്നോ ഉള്ള എൻഒസി കൂടി സമർപ്പിക്കേണ്ടതുണ്ട്.

മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി അപേക്ഷിച്ചാൽ വെറും രണ്ട് ദിവസത്തിനകം രണ്ട് വർഷ കാലാവധിയുള്ള പെർമിറ്റ് അനുവദിക്കും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ രാജ്യത്തെ സ്വകാര്യ ട്യൂഷൻ രംഗം പൂർണ്ണമായും സുതാര്യമാകും. അനധികൃതമായി ട്യൂഷൻ എടുക്കുമ്പോൾ ഉണ്ടാകാനിടയുള്ള കനത്ത പിഴകളിൽ നിന്നും നിയമനടപടികളിൽ നിന്നും പ്രവാസികൾക്ക് പുതിയ നിയമം വലിയൊരു സുരക്ഷയാണ് നൽകുന്നത്.