വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാം ഘട്ടം ജനുവരിയിൽ തുടങ്ങും; 2028ഓടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വിഎൻ വാസവൻ

Dec 18, 2025 - 08:20
 0  1
വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാം ഘട്ടം ജനുവരിയിൽ തുടങ്ങും; 2028ഓടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ടം ഉള്‍പ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജനുവരി രണ്ടാം വാരത്തോടെ തുടങ്ങുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ . മുഖ്യമന്ത്രി പിണറായി വിജയൻ്റെയും അദാനിയുടെയും സൗകര്യമനുസരിച്ചാവും ജനുവരിയിലെ ഉദ്ഘാടനം നിശ്ചയിക്കുക. 2028 ഓടെ തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തുറമുഖ നിർമാണത്തിന്റെ സെക്കൻഡ്, തേർഡ്, ഫോർത്ത് എന്നീ മൂന്ന് ഘട്ടങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി കഴിഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള ഒരുക്കങ്ങളുമായിട്ടുണ്ട്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും. ഇതോടെ വിഴിഞ്ഞം ലോകം ശ്രദ്ധിക്കുന്ന തുറമുഖമായി മാറും.

നിലവിലുള്ള 800 മീറ്റര്‍ ബെര്‍ത്തിനോട് 1200 മീറ്റര്‍ കൂടി ചേര്‍ത്ത് നിര്‍മിച്ച് 2000 മീറ്ററാക്കും. ഇതോടെ വന്‍കിട കമ്പനികളുടെ വലിയകപ്പലുകള്‍ക്ക് ഒരേസമയം കൂടുതല്‍ കപ്പലുകളെത്തിച്ച് ചരക്കിറക്കാനാകും എന്നതും പ്രത്യേകതയാണെന്ന് മന്ത്രി പറഞ്ഞു. 2.96 കിലോമീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ 920 മീറ്റർ കൂടി വർദ്ധിപ്പിച്ച് 3900ൽ പരം മീറ്ററാക്കും. ജനുവരി രണ്ടാം വാരത്തില്‍ വിഴിഞ്ഞം തുറമുഖത്തെയും കഴക്കൂട്ടം കാരോട് ദേശീയപാതയെയും ബന്ധിപ്പിച്ചിട്ടുളള അപ്പ്രോച്ച് റോഡിന്റെ കണക്റ്റിവിറ്റി റോഡിന്റെ ഉദ്ഘാടനം നടത്തും. ഇതോടെ കരമാര്‍ഗമുളള ചരക്കുനീക്കത്തിനുള്ള തുടക്കമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ലക്ഷ്യമിട്ടതിനേക്കാൾ നാല് ലക്ഷത്തോളം കണ്ടെയ്‌നറുകൾ അധികമായി കൈകാര്യം ചെയ്യാൻ വിഴിഞ്ഞം തുറമുഖത്തിന് കഴിഞ്ഞു. തുറമുഖത്ത് ഇതുവരെ വന്നുപോയത് 636 കപ്പലുകളാണ്. 13.25 ലക്ഷം കണ്ടെയ്നുകളും കൈകാര്യം ചെയ്യാനായി. ലോകത്തെ മുന്‍നിര ചരക്കുകപ്പലുകളായ എംഎസ്സി. ടര്‍ക്കി, ഐറീന, വെറോന എന്നിവ വിഴിഞ്ഞം തീരത്തടുത്ത് ചരക്കിറക്കി മടങ്ങി. നികുതി ഇനത്തില്‍ സര്‍ക്കാരിലേക്ക് ഇതുവരെ 97 കോടിയോളം രൂപയാണ് ലഭിച്ചിട്ടുള്ളതെന്ന് മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കി.

ഭാവിയിലെ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനായി കൂടുതൽ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾക്ക് തീരുമാനമായി. ഷിപ്പിങ് ആവശ്യങ്ങൾക്കായി കടലിൽ നിന്ന് തന്നെ ഡ്രഡ്ജ് ചെയ്ത് മുന്നോട്ട് പോകാനും തീരുമാനിച്ചിട്ടുണ്ട്. റെയിൽവേ കണക്ടിവിറ്റിയായി ബന്ധപ്പെട്ട് 9.2 മീറ്റർ തുരംഗപാതയും ഉൾപ്പെടെ മൊത്തം 10.7 കിലോമീറ്റർ റെയിൽവേ പാതയാണ് പദ്ധതിയിലുള്ളത്. ഈ പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കലും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

2024 ഡിസംബര്‍ മൂന്നിനായിരുന്നു തുറമുഖത്തെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. 2024 ഡിസംബർ മൂന്നിനാണ് എൻജിനീയർമാർ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്ന് വിഴിഞ്ഞത്ത് വാണിജ്യ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0