SIR Draft List

SIR Draft List: വോട്ടർപട്ടികയിൽ നിന്ന് പുറത്തായവരെ സഹായിക്കാൻ വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്‌ക്

Dec 25, 2025 - 08:41
 0  2
SIR Draft List

തിരുവനന്തപുരം: എസ്ഐആർ കരട് പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചതോടെ പേര് ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള തിരക്കിലാണ് എല്ലാവരും. പേര് ഉൾപ്പെടാത്തവർ കൂട്ടിച്ചേർക്കാനുള്ള നടപടികളും ആരംഭിച്ച് കഴിഞ്ഞു. അർഹരായ വോട്ടർമാർ ഒഴിവാക്കപ്പെടുന്നെന്ന ആശങ്ക ഉയരുന്ന സാഹചര്യത്തിൽ ശക്തമായ ഇടപെടലുമായി സംസ്ഥാന സർക്കാരും രംഗത്തെത്തിയിരിക്കുകയാണ്. വോട്ടർപട്ടികയിൽ നിന്ന് പുറത്തായവരെ സഹായിക്കാൻ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

2025 ലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ ഭാഗമായി കരട് വോട്ടർ പട്ടികയിൽ വിവിധ കാരണങ്ങളാൽ ഉൾപ്പെടാത്ത അർഹരായവരെ സഹായിക്കാൻ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വില്ലേജ് ഓഫീസിൽ സൗകര്യമില്ലെങ്കിൽ തൊട്ടടുത്ത സർക്കാർ ഓഫീസുകളിൽ ഇതിന് സൗകര്യമൊരുക്കും.

ഹെൽപ്പ് ഡെസ്‌കുകളിൽ പൊതുജനങ്ങൾക്ക് ആവശ്യമായ സഹായ നിർദ്ദേശങ്ങൾ നൽകുന്നതിനായി രണ്ട് ഉദ്യോഗസ്ഥരെ വീതം താൽക്കാലിക ജോലി ക്രമീകരണ വ്യവസ്ഥയിൽ ചുമതലപ്പെടുത്തും. ഇതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന് അതത് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് 24,08,503 പേർ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഇതിനു പുറമെ കരട് പട്ടികയിൽ ഉൾപ്പെട്ടവരിൽ 19,32,000 പേർ വോട്ടവകാശം ഉറപ്പാക്കാൻ രേഖകളുമായി വീണ്ടും ഹിയറിങ്ങിന് ഹാജരാകേണ്ടിവരും. നിലവിൽ 18 മുതൽ 40 വയസ്സുവരെ പ്രായമുള്ളവർ അവരുടെ ബന്ധുത്വം 2002 ലെ വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തണം എന്ന നിബന്ധനയുള്ളതുകൊണ്ടാണിത്. ചുരുക്കത്തിൽ ഈ 19,32,000 പേരും തങ്ങളുടെ വോട്ടവകാശം സ്ഥാപിച്ചു കിട്ടാൻ വീണ്ടും ഈ പ്രക്രിയയിൽ കൂടി കടന്നു പോകേണ്ട സാഹചര്യമാണുള്ളത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിലും അതിനു മുൻപുള്ള തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിരുന്ന വ്യക്തികളാണ് ഒഴിവാക്കപ്പെടുന്നത് എന്നതാണ് ഇവിടെ പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ബൂത്തുകളിൽ അവിശ്വസനീയമായ തരത്തിൽ വോട്ടമാർ ഒഴിവാക്കപ്പെടുന്നു. പോളിങ്ങ് സ്റ്റേഷൻ 138 ശ്രീവരാഹം. ഈ ബൂത്തിൽ ആകെയുള്ള 1224 വോട്ടർമാരിൽ 704 പേരുടെ വിവരം ലഭ്യമല്ല എന്നാണ് കാണുന്നത്. ഇത് സംശയാസ്പദമാണ്. സംസ്ഥാനത്ത് മറ്റു ചിലയിടങ്ങളിലും ഇതേ സാഹചര്യമുണ്ട്. ഇതുകൂടാതെ 2002 ൽ എന്തെങ്കിലും കാരണത്താൽ വോട്ടർപട്ടികയിൽ ഉൾപ്പെടാതെ പോയവർ ഇപ്പോൾ പുറത്താക്കപ്പെടാനുള്ള സാധ്യതയും.

അർഹതയുള്ള ഒരു വോട്ടർ പോലും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യ സംവിധാനത്തിൽ വളരെ പ്രധാനമാണ്. ഇത് ഉറപ്പാക്കുകയെന്ന സർക്കാരിനുമുള്ള ഉത്തരവാദിത്വമാണ് ഹെൽപ്പ് ഡെസ്‌കുകൾ സജ്ജീകരിക്കുന്നതിലൂടെ നടപ്പിലാക്കുന്നത്.

ഇതിന് വില്ലേജ് ഓഫീസർമാരുടെ ആവശ്യപ്രകാരം അംഗൻവാടി വർക്കർമാർ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തും. വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന 18 വയസ് പൂർത്തിയായവർ വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. ഇതിന് അതത് സ്ഥാപനങ്ങളിൽ ക്യാമ്പയിൻ പരിപാടികൾ സംഘടിപ്പിച്ച് ആവശ്യമായ ബോധവൽക്കരണവും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0