IND vs SA: ഇന്ത്യക്ക് പിഴച്ചത് എവിടെയാണ്? പ്രശ്നം ബാറ്റിങ് ഓഡറിൽ അല്ല; തിരിച്ചടിയായ കാര്യം തുറന്ന് പറഞ്ഞ് ക്യാപ്റ്റൻ സൂര്യകുമാർ
IND vs SA: ഇന്ത്യൻ ടീം വലിയ പരീക്ഷണങ്ങളാണ് രണ്ടാം ടി20യിൽ നടത്തിയത്. മൂന്നാം നമ്പറിൽ അക്ഷർ പട്ടേലിനെ കളിപ്പിച്ചപ്പോൾ ശിവം ദുബെ 8ാം നമ്പറിലേക്കുമെത്തി. ഈ നീക്കങ്ങളെല്ലാം പാളിയെന്ന് നിസംശയം പറയാം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യ തോൽവി നേരിട്ടിരിക്കുകയാണ്. 51 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നാല് വിക്കറ്റിന് 213 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ഇന്ത്യ 19.1 ഓവറിൽ 162 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ പിഴച്ചു. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ബൗളർമാരും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ ഇന്ത്യക്ക് തട്ടകത്തിൽ നാണംകെടേണ്ടി വന്നു.
ഇന്ത്യയുടെ തോൽവിക്ക് പല കാരണങ്ങളും ചൂണ്ടിക്കാട്ടാനാവും. ഇപ്പോഴിതാ ഇന്ത്യക്ക് പിഴച്ചത് എവിടെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റനായ സൂര്യകുമാർ യാദവ് . തന്റെ പിഴവ് സൂര്യകുമാർ തുറന്ന് സമ്മതിച്ചിരിക്കുകയാണ്. 'ഞാനും ശുഭ്മാൻ ഗില്ലും മികച്ച തുടക്കം നൽകേണ്ടവരാണ്. എല്ലായ്പ്പോഴും അഭിഷേകിനെ ആശ്രയിക്കാനാവില്ല. അവന് എല്ലാ ദിവസവും മികവ് കാട്ടാനാവില്ല. ചില മോശം ദിവസങ്ങളും ഉണ്ടാവും. ഞാനും ഗില്ലും മറ്റ് ബാറ്റ്സ്മാൻമാരും ഇത്തരം സാഹചര്യത്തിൽ മുന്നോട്ട് വരേണ്ടതായുണ്ട്.
ബുദ്ധിപരമായി പിന്തുടർന്ന് ജയിക്കാമായിരുന്നു. എന്നാൽ അതിന് സാധിച്ചില്ല. ശുഭ്മാൻ ഗിൽ ആദ്യ പന്തിൽ പുറത്തായി. ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു. ഇതിൽ നിന്ന് പഠിച്ച് അടുത്ത മത്സരത്തിൽ മെച്ചപ്പെടുത്താൻ ശ്രമിക്കും' എന്നാണ് സൂര്യകുമാർ പറഞ്ഞത്. നായകനെന്ന നിലയിൽ സൂര്യക്ക് കീഴിൽ ഇന്ത്യ കിടിലൻ പ്രകടനമാണ് കാഴ്ചവെച്ചത്. സൂര്യക്ക് കീഴിൽ ഇന്ത്യ ഇതുവരെ ടി20 പരമ്പര തോറ്റിട്ടില്ല. എന്നാൽ ബാറ്റിങ്ങിൽ പഴയ മികവ് ഇപ്പോൾ സൂര്യക്കില്ല.
ഒരു കാലത്ത് ഇന്ത്യയുടെ ഒന്നാം നമ്പർ താരമായിരുന്ന സൂര്യകുമാർ യാദവിന് ഇപ്പോൾ പഴയ ബാറ്റിങ് വെടിക്കെട്ട് ആവർത്തിക്കാൻ സാധിക്കുന്നില്ല. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. സൂര്യ ഫോമിലേക്ക് തിരിച്ചെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണ്ണായകമാണ്. ടി20 ലോകകപ്പ് വരാനിരിക്കെ സൂര്യ ഇതേ ബാറ്റിങ് പ്രകടനം തുടർന്നാൽ ടീമിനത് തിരിച്ചടിയായി മാറാനുള്ള സാധ്യതയാണ് കൂടുതൽ. ടോപ് ഓഡറിൽ സൂര്യയും ഗില്ലും ഒരുപോലെ ഫ്ളോപ്പാവുന്നതാണ് പ്രശ്നം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0