പുതിയ മേയർമാർ

തിരുവനന്തപുരത്ത് വിവി രാജഷ്, കൊച്ചിയിൽ വികെ മിനിമോൾ, തൃശൂരിൽ നിജി ജസ്റ്റിൻ; പുതിയ മേയർമാർ ചുമതലയേറ്റു

Dec 26, 2025 - 14:26
 0  1
പുതിയ മേയർമാർ

കൊച്ചി: സംസ്ഥാനത്തെ കോർപറേഷനുകളിൽ പുതിയ മേയർമാർ ചുമതലയേറ്റു. കോർപറേഷൻ മേയർമാർക്ക് പുറമെ, നഗരസഭാ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പും നടന്നു. തിരുവനന്തപുരം മേയറായി വിവി രാജേഷ് ചുമതലയേറ്റു. തിരുവനന്തപുരം കോര്‍പറേഷന്‍ മേയർ തെരഞ്ഞെടുപ്പിൽ 51 വോട്ടുകള്‍ നേടിയാണ് വിവി രാജേഷ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും വോട്ടുകളാണ് ലഭിച്ചത്.

തിരുവനന്തപുരം കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ എംആർ ഗോപനാണ് വിവി രാജേഷിൻ്റെ പേര് നിർദേശിച്ചത്. വിജി ഗിരികുമാർ പിന്താങ്ങി. അതേസമയം മേയർ തെരഞ്ഞെടുപ്പിൽ രണ്ട് കോൺഗ്രസ് അംഗങ്ങളുടെ വോട്ട് അസാധുവായി. ഒപ്പിട്ടതിലുണ്ടായ പിഴവാണ് കാരണം. അതേസമയം ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 പേരെ മാറ്റി നിർത്തണമെന്ന് സിപിഎം കൗൺസിലർ എസ്പി ദീപക് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ട്. നടന്നത് ചട്ടലംഘനം എന്ന് സിപിഎം പരാതിപ്പെട്ടു.

എന്നാൽ കളക്ടർ അനുകുമാരി ആവശ്യം അംഗീകരിക്കാതെ വന്നതോടെ സത്യപ്രതിജ്ഞ ചെയ്തവർ ഒപ്പിട്ട് കൗൺസിലർ പദവി ഏറ്റെടുത്തു. ഇവർ ആദ്യത്തെ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. ഇനി കോടതിയെ ആണ് സമീപിക്കേണ്ടത് എന്ന് കളക്ടർ പറഞ്ഞു.

തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ

തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്തു. 35വോട്ടുകൾക്കാണ് നിജി ജസ്റ്റിൻ വിജയിച്ചത്. കോൺഗ്രസ് നേതാക്കൾ ഷാളണിയിച്ചും തലയിൽ കിരീടം ചൂടിയുമാണ് നിജിയെ സ്വീകരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം നിജി ജസ്റ്റിനെ മേയർ കോട്ടണിയിച്ചു. നേരത്തെ നിജിയെ മേയറാക്കിയതിനെതിരെ രംഗത്ത് വന്ന ലാലി ജെയിംസും വോട്ട് ചെയ്തു. ലാലി ജെയിംസും 2 സ്വതന്ത്ര കൗൺസിലർമാരും കോൺഗ്രസിനാണ് വോട്ട് ചെയ്തത്.

കൊച്ചി മേയർ വികെ മിനിമോള്‍

കൊച്ചി മേയറായി വികെ മിനിമോള്‍ സത്യപ്രതിജ്ഞ ചെയ്തു. 74 ല്‍ 48 വോട്ടാണ് മിനിമോള്‍ക്ക് ലഭിച്ചത്. സ്വതന്ത്രൻ്റെ പിന്തുണയും മിനിമോള്‍ക്ക് ലഭിച്ചു. മേയർ സ്ഥാനം ലഭിക്കാതിരുന്ന മുതിർന്ന നേതാവ് ദീപ്തി മേരി വർഗീസ് വികെ. മിനിമോളെ ഷാൾ അണിയിച്ച് അഭിനന്ദിച്ച ശേഷം സത്യപ്രതിജ്ഞ‌ കാണാതെ മടങ്ങി.

കൊല്ലം മേയർ എംകെ ഹഫീസ്

കൊല്ലം കോര്‍പ്പറേഷനില്‍ എംകെ ഹഫീസ് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പില്‍ യുഡിഎഫിന് 27ഉം എല്‍ഡിഎഫിന് പതിനാറും വോട്ടു ലഭിച്ചു. ബിജെപി, എസ്ഡിപിഐ പാര്‍ട്ടികള്‍ വോട്ടൈടുപ്പില്‍ നിന്ന് വിട്ടുനിന്നു. എംപിമാരായ എംകെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പടെ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

കണ്ണൂർ മേയർ അഡ്വ. ടി ഇന്ദിര

കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി കോണ്‍ഗ്രസിലെ അഡ്വ. ടി ഇന്ദിരയെ തെരഞ്ഞെടുത്തു. ഇന്ദിരക്ക് 36 വോട്ടും എതിര്‍സ്ഥാനാർഥി സിപിഎമ്മിലെ വികെ പ്രകാശിനിക്ക് 15 വോട്ടും ബിജെപിയിലെ അര്‍ച്ചന വണ്ടിച്ചാലിന് നാലു വോട്ടും ലഭിച്ചു.

കോഴിക്കോട് മേയർ ഒ സദാശിവൻ

കോഴിക്കോട് കോർപറേഷനിൽ സിപിഎമ്മിലെ ഒ സദാശിവനാണ് മേയർ. മേയർ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ടത്തിൽ എൽഡിഎഫ് - 35, യുഡിഎഫ് - 28, എൻഡിഎ - 13 എന്നിങ്ങനെയായിരുന്നു വോട്ടുനില. സിപിഎം കോഴിക്കോട് നോർത്ത് ഏരിയാകമ്മിറ്റി അംഗമാണ് സദാശിവൻ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0