കെഎസ്ആർടിസി ബസിലുണ്ടായിരുന്നത് 40 യാത്രക്കാർ, എല്ലാവരും ഉറക്കത്തിൽ, പുക പടർന്നതോടെ തീപിടിച്ചു'; രക്ഷകരായി ഡ്രൈവറും കണ്ടക്ടറും, ഒഴിവായത് വൻ അപകടം
കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് 40 യാത്രക്കാരുമായി കോഴിക്കോട്ടേക്ക് എത്തിയ കെഎസ്ആർടിസി ബസിന് തീപിടിച്ചു . മൈസൂർ നഞ്ചൻകോട് വെച്ച് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ബസിൽ നിന്ന് പുക ഉയർന്നതോടെ ഡ്രൈവറും കണ്ടക്ടറും നടത്തിയ അതിവേഗ ഇടപെടലാണ് വൻ ദുരന്തരം ഒഴിവാകാൻ സഹായിച്ചത്.
വ്യാഴാഴ്ച രാത്രി 11.30 ഓടെ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. നഞ്ചൻകോട് എത്തിയപ്പോൾ ബസിൻ്റെ അടിയിൽ നിന്ന് പുക ഉയർന്നു. പുറത്തിറങ്ങി പരിശോധിച്ചപ്പോൾ തീ പടരുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരെ അതിവേഗം പുറത്തിറക്കി. ഉറക്കത്തിലായിരുന്ന യാത്രക്കാരെ തട്ടിവിളിച്ച് പുറത്തിറക്കുകയായിരുന്നു.
വൈകാതെ പുക ബസിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും അതിവേഗം തീപിടിക്കുകയും ചെയ്തു. ആളൊഴിഞ്ഞ പ്രദേശമായതിനാൽ തീ അണയ്ക്കാനുള്ള സംവിധാനം ബസിൽ ഉണ്ടായിരുന്നില്ല. യാത്രക്കാരുടെ കൈവശമുണ്ടായിരുന്ന കുപ്പിവെള്ളം ഉപയോഗിച്ച് ആദ്യഘട്ടത്തിൽ തീ അണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
പുക ഡ്രൈവറുടെയും കണ്ടക്ടറുടെയും ശ്രദ്ധയിപ്പെട്ടതും യാത്രക്കാരെ അതിവേഗം ബസിൽ നിന്ന് പുറത്തിറക്കാൻ കഴിഞ്ഞതുമാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചത്. ബസ് പൂർണമായും കത്തിനശിച്ചു. മൈസൂരുവിൽ നിന്നും ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട മറ്റ് ബസുകളിൽ യാത്രക്കാരെ കോഴിക്കോട്ടേക്ക് കയറ്റിവിട്ടു. അപകടത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0